43rd Quthbuzzaman Khilafath Conference, Apr 27 - Apr 30 aluva-Jeelani Shareef
Language        AR | EN | ML          Webmail


Large Visitor Globe

സന്ദേശം

ഒരു മനുഷ്യന്‍ സൂഫിയാവുന്നതെങ്ങനെയെന്നല്ല നാമന്വേഷിക്കുന്നത്. നാമോരോരുത്തരും കണ്ടെത്തേണ്ട മറുപടി ഒരാളെങ്ങനെ മുസ്ലിമാകും എന്ന ചോദ്യത്തിനാണ്. സൂഫിയാവണമെന്ന് ഖുര്‍ആന്‍ - ഹദീസ് അടിസ്ഥാന പ്രമാണങ്ങളിലൊന്നും കല്‍പ്പനയുണ്ടായിരിക്കില്ല. എല്ലാ ദൈവിക ഗ്രന്ഥങ്ങളും ആവശ്യപ്പെട്ടത് മനുഷ്യന്‍ മുസ്‌ലിമാകണമന്നാണ്. ഇബ്രാഹീം നബിയാണു മുസ്‌ലിം എന്നു പേരിട്ടതെന്നു ഖുര്‍ആന്‍ പറയുന്നുണ്ട്. അതിനര്‍ത്ഥം മുസ്ലിമാവൽ എന്ന ഒരു സംഗതി അതിനു മുമ്പേ ഉണ്ടായിരുന്നുവെന്നും ഇബ്രാഹീം നബിയോടെ അതിനൊരു പേരു വന്നുചേര്‍ന്നു എന്നുമാണ്. പേരു പറയുമ്പോഴാണ് മുസ്ലിം എന്നാല്‍ മതങ്ങളില്‍ ഒരു മതത്തിന്റെ ആളാണെന്ന തോന്നലുണ്ടാവുന്നത്. അടിസ്ഥാനപരമായി ഇതൊരു മതമോ ജാതിയോ അല്ല. അതു സകലതിന്റെയും അടിത്തറക്കു പറയപ്പെട്ട ഒരു പേരു മാത്രമാണ്.

ആ പേരില്ലാതെയും ഒരാള്‍ക്കു ആ അടിത്തറയിലെത്തിപ്പെടാം. അതേ സമയം മതമെന്ന പേരില്‍, അതു ഇസ്ലാം, ജൂത, ക്രിസ്ത്യന്‍ എന്തുമാവട്ടെ, വാദിച്ചതു കൊണ്ടോ സ്വയം അത്തരമേതെങ്കിലും നാമം കൊണ്ടു വിശേഷിപ്പിച്ചതു കൊണ്ടോ അവര്‍ മുസ്ലിമാവുന്നില്ല. അള്ളാഹു മനുഷ്യനില്‍ നിന്നാവശ്യപ്പെടുന്ന അവന്റെ അടിത്തറയെക്കുറിച്ച ബോധത്തിലേക്കു അവന്‍ വന്നുചേരണം. അതിനു മുസ്ലിമെന്നു പേരുവച്ചില്ലെങ്കിലും പ്രശ്‌നമില്ല. സൂഫിസമെന്നോ, തരീഖതെന്നോ നിങ്ങള്‍ എന്തുപേരിട്ടു വിളിച്ചാലും അതു ഈ അടിത്തറയല്ലെങ്കില്‍ അത് ഏതൊക്കെയോ മതങ്ങളില്‍ ഒന്നുമാത്രമാണ്. പ്രവാചകനോടൊത്ത് ജീവിച്ചതു കൊണ്ടോ ബാഹ്യലോകത്ത് അരുമ ശിഷ്യനായി വ്യാഖ്യാനിക്കപ്പെട്ടതു കൊണ്ടോ ഈ ദൈവികാടിത്തറയില്‍ ഒരാള്‍ എത്തിക്കൊള്ളണമെന്നില്ല. പക്ഷെ അവനെ ആളുകള്‍ മുസ്ലിമെന്നു വിളിച്ചേക്കാം. അവന്‍ സ്വയം അങ്ങനെ വിലയിരുത്തിയേക്കാം. ഇതു തന്നെയാണ് ലോകത്തിന്റെ മുഴുവന്‍ ഇസ്ലാമിക നേതാവ്, മുഴുവന്‍ മതപണ്ഡതൻമാരുടെയും സൂര്യചന്ദ്രന്‍, അല്ലെങ്കില്‍ മഹാതരീഖത്തുകളുടെ ശൈഖുല്‍ മശാഇഖ് എന്നൊക്കെ പറയപ്പെടുന്നവരുടെയും സ്ഥിതി. പേരുകളും വിശ്വാസങ്ങളും ദര്‍ശനങ്ങളും ഉണ്ടായേക്കാം. പക്ഷെ അടിത്തറയില്ലാതെ കെട്ടിപ്പൊക്കിയ അത്തരം വീടുകളെല്ലാം കാറ്റടിച്ചാല്‍ പറപറക്കും.

വാസ്തവത്തില്‍ വിശുദ്ധവചനം സുദൃഢമായ അടിത്തറയും ആകാശങ്ങളെ അലങ്കരിക്കുന്ന എടുപ്പുമാണ്. വിശുദ്ധവചനത്തെ എല്ലാറ്റിന്റെയും അടിത്തറയായി കാണാനാവുന്നില്ലെങ്കില്‍ മേല്‍ക്കൂരയിലോ എടുപ്പിലോ അതിനെ കാണാനാവില്ല. അതിനാല്‍ കലിമയിലേക്ക് ഒരു ശ്രദ്ധതിരിക്കല്‍ മുസ്ലിം ലോകത്തുണ്ടാവണം. ശൈഖ് യൂസുഫ് സുൽതാൻ ശാ ഖാദിരി ലോകത്തോടു പറഞ്ഞുകൊണ്ടിരിക്കുന്നതതാണ്. അതിനെ തരീഖത്തെന്നോ, സൂഫിസമെന്നോ വ്യവഹരിച്ച് പല അര്‍ത്ഥങ്ങളും കാണാതെ എന്താണു നാം ആയിത്തീരേണ്ടതെന്ന ആ ആവശ്യത്തെ സ്വീകരിക്കുകയും ഇസ്ലാമിനെ നമ്മില്‍ ഒരു യാഥാര്‍ഥ്യമാക്കിത്തീര്‍്ക്കുകയും ചെയ്യുക.

സൂഫിപാതകളില്‍ പല പല പദവികളും ആത്മീയ സ്ഥാനങ്ങളുമുണ്ട്. ജ്ഞാനപരമായ ഉയര്‍ച്ചയിലൂടെ മാത്രമെ ഇവ കരഗതമാകൂ. ഖുര്‍ആനില്‍ ഇക്കാര്യം സുവ്യക്തമായി പറയുന്നുണ്ട്. അള്ളാഹു നിങ്ങളില്‍ നിന്നു വിശ്വസിച്ചവരെയും ജ്ഞാനം നല്‍കപ്പെട്ടവരെയും പടിപടികളായി ഉയര്‍ത്തുന്നുവെന്ന ഖുര്‍ആനിക വചനം തന്നെ നോക്കുക. കലിമയുടെ മാര്‍ഗം സ്വീകരിക്കുന്നത് എല്ലാ പടികളുടെയും അടിത്തറയാണ്. എന്നാല്‍ ഇവിടെ നിന്നും ജ്ഞാനത്തിലൂടെ ചവിട്ടിക്കയറിയില്ലെങ്കില്‍ താഴെ തന്നെ നിന്നു മുഷിയേണ്ട സ്ഥിതി വിശേഷമുണ്ടാകും. ഇതു സ്വാഭാവികമായ തകര്‍ച്ചകള്‍ക്കും വഴിവെച്ചേക്കും. ജ്ഞാനത്തെ ശക്തിപ്പെടുത്തുന്നതിന് അതിനു വേണ്ട കര്‍മ്മവും കൂര്‍മ്മബുദ്ധിയുമാണ് പ്രധാനം. ബുദ്ധിയില്ലെങ്കില്‍ കര്‍മ്മം ഫലം ചെയ്യില്ല. ബുദ്ധിയുള്ളവനാണ് വിശ്വാസവും ഫലവത്താകുക. അനാവശ്യമായി കര്‍മ്മമനുഷ്ടിച്ചതു കൊണ്ട് ചിലപ്പോള്‍ നേട്ടങ്ങളുണ്ടാവില്ല. പടിപടിയായി ഉയരണമെങ്കില്‍ കര്‍മ്മാധിഷ്ടിത ജ്ഞാനവും ഗുരുവിനോടുള്ള സമ്പര്‍ക്കവുമാണ് ഉറപ്പുവരുത്തേണ്ടത്.

ഗുരുക്കൻമാര്‍ ജ്ഞാനത്തിന്റെ ദിശയിലേക്കും വളര്‍ച്ചയിലേക്കും നമ്മെ കൈപിടിച്ചുയര്‍ത്തുന്നുണ്ടോയെന്ന് നിരന്തര പരിശോധനക്കു വിധേയമാക്കുകയും വേണം. മനുഷ്യന്റെ ആത്മീയമായ വികാസം ഭൗതിക ജീവിതത്തില്‍ നിന്നു വേര്‍പ്പെട്ട് മരിച്ചുപോയതു കൊണ്ടോ സ്വര്‍ഗത്തിലെത്തിയതു കൊണ്ടോ അവസാനിക്കുന്ന ഒന്നല്ല. അത് എല്ലാ ഘട്ടത്തിലും മനുഷ്യനെ നയിക്കേണ്ടതാണ്.

ഒരാള്‍ ആത്മീയതയുടെ എത്ര ഉത്തുംഗ പദവിയിലെത്തിയാലും ജ്ഞാനലോകത്തിന്റെ അവസാനത്തില്‍ അയാള്‍ എത്തുന്നില്ല. മുഹിയുദ്ദീന്‍ മാലയില്‍ ഏഴാകാശങ്ങളിലെ ജ്ഞാനയാത്രയെക്കുച്ച് ഇങ്ങനെ വിവരിക്കുന്നുണ്ട്.

ആരുണ്ട് അത് യെന്റെ മഖാമിനെ യെത്തീട്ട്

ആരാനും ഉണ്ടെങ്കില്‍ ചൊല്ലുവിന്‍ യെന്നോവര്‍

യെളുപത് വാതില്‍ തുറന്നാന്‍ യെനക്കള്ളാ

ആരും അറിയാത്ത ഇല്‍മാല്‍ അത് യെന്നോവര്‍

ഇവിടെ എന്റെ മഖാമില്‍ എത്തിയവരാരെങ്കിലുമുണ്ടോയെന്ന ചോദ്യം ജ്ഞാനത്തില്‍ മഹാനവര്‍കള്‍ എത്തിച്ചേര്‍ന്ന പദവിയോളം എത്തിയ ആരെങ്കിലുമുണ്ടോ എന്നാണ്. ജ്ഞാനത്തിന്റെ എഴുപത് കവാടങ്ങളാണ് മഹാനവര്‍കള്‍ക്കു മുമ്പില്‍ തുറക്കപ്പെട്ടത്. അതും ഇതുവരെ ആരും അറിയാത്ത ജ്ഞാനങ്ങളുടെ കവാടങ്ങളുമാണ്. ഇനിയും മഹാനവര്‍കള്‍ തുടരുന്നു:

ഓരോരോ വാതിലിന്‍ വീതി അത് ഓരോന്നും

ആകാശം ഭൂമിയും പോലെ അത് യെന്നോവര്‍

ആകാശഭൂമികളോളമെന്നാണു പറയുന്നത്. ഇത്തരം ജ്ഞാന വളര്‍ച്ചയെക്കുറിച്ച് മഹാനായ മുഹയദ്ദീനു ബ്‌നു അറബി(റ) അവര്‍കള്‍ അവരുടെ തഫ്‌സീറില്‍ പറയുന്നുണ്ട്. ചിലപ്പോള്‍ ആരിഫുകളുടെ ഹൃദയത്തിലേക്ക് ഏഴാകാശങ്ങളോളം വിസ്തൃതമായ ജ്ഞാനകവാടങ്ങള്‍ തുറക്കപ്പെടും, നിമിഷങ്ങള്‍ക്കിടെ. ചിലപ്പോള്‍ അവരതേക്കുറിച്ചു അറിഞ്ഞിട്ടു പോലുമുണ്ടാവില്ല.

ജ്ഞാനത്തിന്റെ മേഖല അവസാനിക്കാത്തതാണ്. പക്ഷെ, അതിലൂടെ യാത്ര ചെയ്യുമ്പോള്‍ സുരക്ഷിതത്വം വേണം. അതിനു അള്ളാഹുവിന്റെയും പ്രവാചകന്റെയും അടിത്തറയിലാണതു വളരേണ്ടത്. ആ വളര്‍ച്ച തുടങ്ങേണ്ടത് കലിമയില്‍ നിന്നാണ്. പല സൂഫികളും സന്യാസികളും ആത്മീയ നായകരും ജ്ഞാനത്തിന്റെയും മഅരിഫത്തിന്റെയും മണ്ഡലത്തില്‍ അങ്ങേയറ്റം യാത്ര ചെയ്തിട്ടും, കറാമത്തുകള്‍ നല്‍കപ്പെട്ടിട്ടും അവരൊക്കെ യാഥാര്‍ഥ്യത്തില്‍ നിന്നും ശരീഅത്തില്‍ നിന്നും വ്യതിചലിച്ചു പോവുകയും വ്യാജഗുരുക്കൻമാരായിത്തീരുകയും ചെയ്തത് ഈ അടിത്തറയില്ലാത്തതു കൊണ്ടാണ്.

അതുകൊണ്ടാണ് ഏതു സൂഫിയായാലും ഔലിയയായാലും ഖുതുബായാലും ഗൗസായാലും മുസ്ലിമായോ എന്നു പരിശോധിക്കേണ്ടത് അവര്‍ക്കും അവരെ പിന്തുടരുന്നവര്‍ക്കും അവരെ വാഴ്ത്തുന്നവര്‍ക്കും ശ്രദ്ധ വേണ്ടതാണെന്നു നാം പറയുന്നത്. ഇല്ലെങ്കില്‍ ഭൗതിക ലോകം വിട്ടാലും ജനങ്ങളെ വഴിപിഴപ്പിച്ചും സത്യത്തില്‍ നിന്നകറ്റിയും ബുദ്ധിമുട്ടിക്കുന്നത് അവര്‍ തുടരും. കലിമയുടെ അടിത്തറയിലേക്ക്, മുസ്ലിമാവാനായി എല്ലാ ശരീരലോകത്തു നിന്ന് മരിച്ചുപോയവരും അല്ലാത്തവരുമായ എല്ലാ ഔലിയാക്കളെയും ക്ഷണിക്കേണ്ടത് മനുഷ്യനെ വഴിതെറ്റലില്‍ നിന്നു സംരക്ഷിക്കാന്‍ നമുക്ക് ആവശ്യമായിത്തീര്‍ന്നിരിക്കുകയാണ്.